“രാവിലെ ‘കതിരിട്ട്’ വൈകുന്നേരം ‘മൂപ്പെത്തുന്ന’ അത്യപൂർവമായൊരു നെല്ലുണ്ട് ‘അന്നൂരി’. ശബരിമല കാടുകളിൽമാത്രം കണ്ടുവന്നിരുന്ന ഈ വന്യയിനം നെല്ലിന് കോഴിനെല്ല് എന്നും പേരുണ്ട്.
ശബരിമലയിലെ കാടുകളിൽ കുളർത്തൂർ പുഴയിൽ ആണ് ഇത് അധികവും കാണപ്പെടുന്നത്. അവിടെ തൈകളിൽ മൂന്ന് ആഴ്ച മതി കതിരണിയാനെങ്കിൽ നാട്ടിൽ ഒരു മാസം വേണ്ടി വരും. മികച്ച പ്രതിരോധശേഷിയുള്ളതിനാൽ പെട്ടന്ന് നശിച്ചു പോകില്ല.
നട്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ അന്നൂരി നെൽച്ചെടി പൂർണവളർച്ചയിലെത്തും. സൂര്യനുദിക്കുംമുമ്പ് കതിരിടും, ഉച്ചയാകുമ്പോഴേക്കും പകുതി വിളവാകും. വൈകുന്നേരത്തോടെ നെൽമണികൾ മൂപ്പെത്തി കൊഴിഞ്ഞുവീഴും. ഒരുദിവസംകൊണ്ട് വിളഞ്ഞ് പാകമായി കൊഴിഞ്ഞുവീഴുന്നതിനാലാണ് ‘അന്നൂരി’ എന്ന് പേരുവന്നതെന്നാണ് പഴമക്കാർ പറയുന്നത്. ഔഷധഗുണം കൊണ്ട് സമ്പന്നമായ ഈ നെല്ലിനെ ആദിവാസികൾ മരുന്നായി ഉപയോഗിച്ചിരുന്നതാണ്.
മൂന്നടി മാത്രം ഉയർത്തിൽ വളരുന്ന ഈ ചെടിയിലെ നെൽ കതിരിൽ 20നു താഴെ നെൽമണികൾ കാണു. ഇതിന്റെ കതിർ നേരെ ആണ് നിൽക്കുക.ചെടിയുടെ താഴെ നിന്നും പുതിയ ചിനപ്പുകൾ ഉണ്ടാകും. ഇത് അടർത്തി നട്ടു പുതിയ തൈ ഉണ്ടാക്കാം..
പണ്ടുകാലത്ത് വസൂരി ശമിപ്പിക്കാൻ ഈ നെല്ല് ഔഷധമായി ഉപയോഗിച്ചിരുന്നതായാണ് കുളത്തുപ്പുഴ, ശബരിമല മേഖലകളിലെ ആദിവാസികൾ പറയുന്നത്. ഈ നെല്ലിന്റെ ഓല വെള്ളത്തിലിട്ട് തിളപ്പിച്ച് ആവികൊള്ളും. പുഴുങ്ങിയ ഓല തഴപ്പായിൽ നിരത്തിയിട്ട് വസൂരിരോഗിയെ അതിൽ കിടത്തും. അന്നൂരി നെല്ല് വറുത്ത് മലരെടുത്ത് വെള്ളംതിളപ്പിച്ച് കുടിക്കാൻ കൊടുക്കും. അരി കഞ്ഞിവെച്ച് നൽകുകയുംചെയ്തിരുന്നുവത്രെ. വളരെപ്പെട്ടെന്ന് രോഗശമനം ലഭിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്”
ശബരിമല കാടുകളിൽമാത്രം കണ്ടുവരുന്നതിനാൽ ദൈവികശക്തിയുള്ള നെല്ലാണിതെന്ന വിശ്വാസവുമുണ്ട്. അതിനാൽ പലരും ഇത് ഭക്ഷിക്കാറില്ല. ഇവ കിളികളും മറ്റുംവന്ന് ഭക്ഷണമാക്കുകയാണ് ചെയ്യുന്നത്. ഉൾവനങ്ങളിൽമാത്രം അപൂർവമായി കാണപ്പെടുന്ന ഈ നെല്ല് ഇന്ന് വംശനാശഭീഷണിയിലാണ്.