പഴഞ്ചൊല്ലിൽ വിലപ്പെട്ട
അറിവുകൾ ഒളിച്ചിരിപ്പുണ്ടാവും
ഒരുപാട് അനുഭവസമ്പത്ത് കൊണ്ട് ആർജ്ജിച്ചെടുത്ത അറിവുകൾ.

* ഇതാ കുറേ അർത്ഥവത്തായ
ആയുർവേദ പഴഞ്ചൊല്ലുകൾ *

*ചോര കൂടാൻ ചീര കൂട്ടുക*
(എന്നുപറഞ്ഞാൽ അനീമിയ പോലുള്ള അസുഖങ്ങളിൽ ചീര ഉപയോഗിക്കുന്നത്
വളരെ നല്ലതാണ് )

*നീരു കൂടിയാൽ മോര്*
(എന്നുപറഞ്ഞാൽ ശരീരത്തിൽ നീര്
കൂടിയാൽ അതു കുറയാൻ പുളിയില്ലാത്ത കാച്ചിയ മോര് കൂട്ടുന്നത് നല്ലത് )

*അരവയർ ഉണ്ടാൽ ആരോഗ്യമുണ്ടാകും* (വയറുനിറയെ ഭക്ഷണം കഴിക്കരുത്.
അരവയർ എപ്പോഴും കാലിയായി വയ്ക്കാം അപ്പോൾ ആരോഗ്യമുണ്ടാകും).

*അതിവിടയം അകത്തായാൽ
അതിസാരം പുറത്ത്*
(വയറിളക്കത്തിന് വളരെ നല്ല
ഔഷധമാണ് അതിവിടയം )

*ചക്കയ്‌ക്ക് ചുക്ക്‌ – മാങ്ങായ്‌ക്ക് തേങ്ങ*

(ചക്ക തിന്ന് ഉണ്ടായ ദഹനക്കേടിന് ചുക്ക് കഷായം വെച്ചു കുടിക്കുക. മാങ്ങ കഴിച്ച്
ഉണ്ടായ ഉൾപ്പുഴുക്കത്തിനും ദഹനക്കേടിനും തേങ്ങ പാൽ കുടിക്കുക അല്ലെങ്കിൽ
തേങ്ങ തിന്നുക)

*കണ്ണിൽ കുരുവിന് കൈയ്യിൽ ചൂട്*
(കണ്ണിൽ കുരു വന്നാൽ കൈകൾ
തമ്മിൽ കൂട്ടി തിരുമ്മി ആ ചൂട്
കൊള്ളിച്ചാൽ ആ കുരു പോകും )

*രാത്രി കഞ്ഞി രാവണനും ദഹിക്കില്ല*
(രാത്രിയിൽ കഞ്ഞി പോലും ദഹിക്കാൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് ലഘുവായ ഭക്ഷണം മാത്രം കഴിക്കുക )

*തലമറന്ന് എണ്ണ തേക്കരുത്*
(എന്നുപറഞ്ഞാൽ അർഹത ഇല്ലാത്തത് സ്വന്തമാക്കിയാൽ അർഹിക്കാത്തത വേദന അനുഭവിക്കേണ്ടിവരും. ഒന്ന് കൂടി ചുരുക്കി പറഞ്ഞാൽ നാം എന്താണെന്നുള്ള ബോധത്തോടുകൂടി ആത്മ സംയമനം
പാലിച്ചു ജീവിക്കുക)

*നേത്രാമയേ ത്രിഫല*
(എന്നു പറഞ്ഞാൽ നേത്രരോഗങ്ങളിൽ ത്രിഫലയാണ് — കടുക്ക, നെല്ലിക്ക,
താന്നിക്ക — ഉത്തമം).

*സ്ഥൂലന് ചികിത്സയില്ല*
(അമിതവണ്ണമുള്ള വരെ
ചികിത്സിക്കാൻ ബുദ്ധിമുട്ടാണ് )

*ഉപവാസം ആരോഗ്യത്തിലേക്കുള്ള രാജപാത*
(ഉപവസിക്കലാണ് ഏറ്റവും നല്ല ഔഷധം).

*ആധി കൂടിയാൽ വ്യാധി*
(അമിതമായ ആകുലതകൾ ഉള്ളവർക്ക് രോഗങ്ങൾ വന്നു ഭവിക്കും).

*ചുക്കില്ലാത്ത കഷായമില്ല*
(ഒട്ടുമിക്ക കഷായങ്ങളും ചുക്കുണ്ട്
ചുക്ക് ദഹനശക്തിയെ വർദ്ധിപ്പിക്കുന്ന
ഒരു ഔഷധമാണ് )

*വൈദ്യൻ അല്ലല്ലോ ആയുസ്സിൻ പ്രഭു*
(വൈദ്യന് അവരുടേതായ പരിമിതികളുണ്ട് ആയുസ്സിൻ്റെ പ്രഭു ഈശ്വരനാണ്)

*അമിതമായാൽ അമൃതും വിഷം*
(ശരീരത്തിന് ആരോഗ്യം തരുന്ന എന്തു വസ്തുവും അമിതമായി ഭക്ഷിച്ചാൽ
അത് വിഷം പോലെ ഭവിക്കും)

*അടിയിൽ എണ്ണ തേച്ചാൽ തല വരെ*
(ഉള്ളം കാലിൽ എണ്ണ തേച്ചാൽ
അതിന്റെ ഫലം തല വരെ കിട്ടും)

*നീർവാളം ശരിയായാൽ ഗുണം,
അമിതമായാൽ ആനയ്ക്കും മരണം*
(എന്നുപറഞ്ഞാൽ കൃത്യമായ അളവിൽ നീർവാളം വയറിളക്കാൻ ഉപയോഗിച്ചില്ലെങ്കിൽ ആന പോലും മരിക്കും എന്ന് അർത്ഥം).

*സഹചരാദി ക്വാഥ സേവന ഓടാം
ചാടാം നടക്കാം യഥേഷ്ടം*
(കരിങ്കുറിഞ്ഞി വേര്, ചുക്ക്,
ദേവദാരത്തടി ഇവ കൊണ്ടുള്ള സഹചരാദി കഷായം കഴിച്ചാൽ ഓടിച്ചാടി നടക്കാം)

*കിഴിയിൽ പിഴച്ചാൽ കുഴി, പിഴിച്ചിൽ
പിഴച്ചാൽ വൈകുണ്ഠയാത്ര സൗജന്യം* (എന്നുപറഞ്ഞാൽ കിഴിയും, പിഴിച്ചിലും നോക്കിക്കണ്ടു ചെയ്തില്ലെങ്കിൽ
രോഗി മരിക്കും)

*അജീർണ്ണേ ഭോജനം വിഷം*
(പ്രാതൽ ദഹിയ്ക്കുംമുമ്പ് കഴിച്ച
ഉച്ചയൂണും, ഉച്ചയൂണു ദഹിയക്കും മുമ്പ്
കഴിച്ച അത്താഴവും വിഷമാണ് )

*അർദ്ധരോഗഹരീ നിദ്രാ*
(പാതി രോഗം ഉറങ്ങിയാൽ തീരും)

*മുദ്ഗദാളീ ഗദവ്യാളീ*
(ചെറുപയർ രോഗം വരാതെ കാക്കും.
മറ്റു പയറുകളുടെ ദോഷം ചെറുപയറിനില്ല)

*ഭഗ്നാസ്ഥിസന്ധാന കരോ രസോനഃ*
(വെളുത്തുള്ളി ഒടിഞ്ഞ എല്ലിനെ കൂട്ടിച്ചേർക്കും).

*അതി സർവ്വത്ര വർജ്ജയേൽ*
(ഒന്നും അമിതമായി കഴിയ്ക്കരുത്,
ചെയ്യരുത്, ഉപയോഗിക്കരുത്)

*നാസ്തി മൂലം അനൗഷധം*
(ഔഷധഗുണം ഇല്ലാത്ത ഒരു സസ്യവും ഇല്ല)

*ന വൈദ്യ: പ്രഭുരായുഷ:*
(വൈദ്യൻ ആയുസ്സിന്റെ നാഥനല്ല)

*മാതൃവത് പരദാരാണി*
(അന്യസ്ത്രീകളെ അമ്മയായി കാണണം).

*ചിന്താ വ്യാധിപ്രകാശായ*
(മനസ്സു പുണ്ണാക്കിയാൽ ശമിച്ച
രോഗം പുറത്തുവരും)

*വ്യായാമശ്ച ശനൈഃ ശനൈഃ*
(വ്യായാമം പതിയെ വർദ്ധിപ്പിയ്ക്കണം.
പതിയെ ചെയ്യണം — അമിതവേഗം പാടില്ല )

*അജവത് ചർവ്വണം കുര്യാത്*
(ആഹാരം നല്ലവണ്ണം — ആടിനെപ്പോലെ — ചവയ്ക്കണം. ഉമിനീരിലാണ് ആദ്യത്തെ ദഹനപ്രക്രിയ)

*സ്നാനം നാമ മനഃപ്രസാദനകരം ദുസ്സ്വപ്നവിദ്ധ്വംസനം*
(കുളി വിഷാദം മാറ്റും,
പേക്കിനാക്കളെ പറപറത്തും)

*ന സ്നാനം ആചരേത് ഭുക്ത്വാ* (ഊണുകഴിഞ്ഞയുടനെ കുളി പാടില്ല.
ദഹനം സ്തംഭിയ്ക്കും)

*നാസ്തി മേഘസമം തോയം*
(മഴവെള്ളം പോലെ ശുദ്ധമായ
വേറെ വെള്ളം ഇല്ല)

*അജീർണ്ണേ ഭേഷജം വാരി*
(തെറ്റിയ ദഹനത്തെ പച്ചവെള്ളം ശരിയാക്കും)

*സർവ്വത്ര നൂതനം ശസ്തം
സേവകാന്നേ പുരാതനം*
(എല്ലാറ്റിലും പുതിയതാണ് നല്ലത്,
പഴയ അരിയിലും പഴകിയ
വേലക്കാരനിലും ഒഴികെ)

*നിത്യം സർവ്വ രസാഭ്യാസ*
(ദിവസവും ആറ് രസവും ചേർന്ന
ഭക്ഷണം കഴിക്കണം — ഉപ്പ്, കയ്പ്പ്, ഇനിപ്പ്, ചവർപ്പ്, പുളിപ്പ്, കഷായം)

*ജഠരം പൂരയേദർദ്ധം അന്നൈ*
(ആഹാരം കൊണ്ട് വയറിന്റെ പാതിമാത്രം നിറയ്ക്കുക — ബാക്കിയിൽ
കാൽഭാഗം വെള്ളം, ബാക്കി ശൂന്യം)

*ഭുക്ത്വോപവിശതസ്തന്ദ്രാ*
(ഉണ്ടിട്ട് ഇരുന്നാൽ ക്ഷീണം വരും — ഉണ്ടാൽ അരക്കാതം നടക്കുക).

*ക്ഷുത് സ്വാദുതാം ജനയതി*
(വിശപ്പ് രുചി വർദ്ധിപ്പിക്കും)

*ചിന്താ ജരാണാം മനുഷ്യാണാം*
(മനസ്സു പുണ്ണാക്കുന്നത് ജരയെ ത്വരിപ്പിയ്ക്കും)

*ശതം വിഹായ ഭോക്തവ്യം*
(നൂറു കാര്യം നിർത്തണമെങ്കിലും ഊണ്, സമയത്തു കഴിയ്ക്കണം)

സർവ്വധർമ്മേഷു മദ്ധ്യമാം
(എല്ലാ ധർമ്മത്തിനും ഇടയ്ക്കുള്ള വഴിയേ പോകുക).

*നിശാന്തേ ച പിബേത് വാരി*
(ഉണർന്നാലുടൻ ഒരു വലിയ അളവ്
പച്ചവെള്ളം കുടിയ്ക്കണം. മലബന്ധം ഒഴിയും, ശരീരത്തിലെ toxins കഴുകിക്കളയും).

*വൈദ്യാനാം ഹിതഭുക് മിതഭുക് രിപു*
(ഹിതാഹാരം മിതമായിക്കഴിയ്ക്കുന്നവൻ വൈദ്യന്റെ ശത്രു — കാരണം,
അവനു രോഗം വരില്ല. രോഗമില്ലാതെ വൈദ്യനെന്തു വരുമാനം…? )

*ശക്യതേടപ്യന്നമാത്രേണ
നര: കർത്തും നിരാമയ:*
(ആഹാരം മാത്രം ക്രമീകരിച്ചു രോഗങ്ങളില്ലാതെയാക്കാം)

*ദാരിദ്ര്യം പരമൗഷധം*
(ദാരിദ്ര്യത്തിൽ പല രോഗങ്ങളും മാറും. അതായത്, അമിതഭക്ഷണത്തിൽ നിന്നും വ്യായാമക്കുറവിൽനിന്നും അമിതസുഖഭോഗത്തിൽ നിന്നുമാണ്, രോഗങ്ങൾ ജനിയ്ക്കുന്നത്).

*ആഹാരോ മഹാഭൈഷജ്യമുച്യതേ* (ആഹാരമാണ് മഹാമരുന്ന്)
___________