ഇന്ത്യയിൽ പടിഞ്ഞാറു ഭാഗങ്ങളിലെ വരണ്ട പ്രദേശങ്ങളിൽ ഒഴികെ എല്ല്ലായിടത്തും സാധാരണ കാണുന്ന ഒരു വലിയ മരമാണു് താന്നി. (Terminalia bellirica) വളരെ ഉയരം വരെ ശാഖകളില്ലാതെ വളർ‌ന്ന് പിന്നീട് ശാഖകളുണ്ടാവുന്നു. മഞ്ഞുകാലത്തും വേനൽകാലത്തും ഇല കൊഴിക്കും. പൂക്കൾ ചെറുതും ഇളം പച്ച നിറമുള്ളതും ചീത്ത മണത്തോടു കൂടിയതുമാണു്. ഫലങ്ങൾ തവിട്ടു നിറമുള്ളതും നിറയെ രോമങ്ങളുള്ളവയുമാണു്.

വഞ്ചികൾ ഉണ്ടാക്കാൻ ഇതിന്റെ തടി ഉപയോഗിക്കുന്നു. വിത്തിൽ നിന്നു കിട്ടുന്ന ടാനിൻ തോൽ ഊറക്കിടുന്നതിനും തോലും തുണിയും നിറം കൊടുക്കാനും മഷി ഉണ്ടാക്കാനും ഉപയോഗിക്കുന്നു.കണ്ണിനും മുടി വളരുവാനും നല്ലതാണ്. പൂവ് പ്രമേഹത്തിനും കായ് മൂത്രരോഗങ്ങൾക്കും നല്ലതാണ്. പകുതി പഴുത്ത കായ് വയറിളക്കുന്നതിനു് ഉപയോഗിക്കുന്നു . പഴുത്ത കായയ്ക്ക് വിപരീത ഫലമാണ്. ത്രിഫലയിലെ ഒരു ഘടകമാണ് താന്നി.

ഫലം ഒഴികെയുള്ള ഭാഗങ്ങൾ ഉപയോഗിക്കുന്നു എന്ന് ഡോ. സി.ഐ. ജോളിയുടെ കേരളത്തിലെ ഔഷധ സസ്യങ്ങൾ എന്ന പുസ്തകത്തിൽ പറയുന്നു. ദഹനക്കുറവിനും വയറിളക്കത്തിനും ഫലം ഉപയോഗിക്കുന്നുവെന്ന് എസ്. കെ. ജെയിനിന്റെ മെഡിസിനൽ പ്ലാന്റ്സ് എന്ന പുസ്തകത്തിലും കാണുന്നു.