മൺമറഞ്ഞ പലതരം ഔഷധസസ്യങ്ങളും വൃക്ഷങ്ങളും. വിഷഹാരികളും വേദന സംഹാരികളുമായ ഒറ്റമൂലികൾ. വള്ളിപോലെ വളരുന്ന മുളയും കാഞ്ഞിരവും. വെളുത്ത കൊന്ന. ക്ഷണനേരം കൊണ്ട് മുറിവ് കരിക്കുന്ന അല്പം. ഇൻസുലിൻ എടുക്കുന്ന മണിമരുത്. ഹരിദ്വാർ, ബംഗ്ലാദേശ്, ബ്രസീൽ, മലേഷ്യ എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന ഔഷധച്ചെടികൾ. കൊതുകിനെ വിറപ്പിക്കുന്ന കൊതുകു വിരട്ടി. കാട്ടു മുളകും കുരുമുളകും. കാട്ടുപ്ലാവ്, തുളസി, വെറ്റ, വെരിക്കോസ് വെയിനിനുള്ള സിദ്ധൗഷധമായ ഞരമ്പോടൽ, രുദ്രഭാവം പൂണ്ടുവരുന്ന കരിവീരനെപ്പോലും വരുതിയിലാക്കുന്ന ആനമയക്കി, വിഷചികിത്സയ്ക്കുള്ള ഗരുഡപ്പച്ച, ഒടിഞ്ഞ അസ്ഥികളെ വീണ്ടും സംയോജിപ്പിക്കുന്ന എല്ലൊടിയൻ, യഥാർത്ഥ ഫെവിക്കോളിനെ പിന്നിലാക്കുന്ന കൊടും പശയുള്ള ഫെവിക്കോൾ മരം, ശീതള പാനീയത്തിന്റെ രഹസ്യമായ കോളാമരം. ആസ്തമ പോലുള്ള ശ്വാസകോശ രോഗങ്ങൾ ശമിപ്പിക്കുന്ന കൃഷ്ണവരാൽ, വാകവരാൽ, കാഞ്ഞിരോട്ടു കാരി തുടങ്ങിയ ഔഷധ മത്സ്യങ്ങൾ…
കരുനാഗപ്പള്ളി നമ്പരുവികാല കാക്കാന്റയ്യത്ത് കെ. നരേന്ദ്രന്റെ വീട്ടുവളപ്പിലാണ് സ്വദേശികളും വിദേശികളുമായ ആയിരത്തി അഞ്ഞൂറിൽപ്പരം സസ്യങ്ങളും വൃക്ഷങ്ങളും മത്സ്യങ്ങളുമടങ്ങുന്ന ഈ ഔഷധത്തോട്ടമുള്ളത്. വീടും ടെറസും ചുറ്റുമുള്ള ഒരു ഏക്കറോളം വരുന്ന പറമ്പും നിറയെ ഔഷധസസ്യങ്ങളും വൃക്ഷങ്ങളുമാണ്. അവയെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ അതീവ ശ്രദ്ധയോടെ ഓമനിച്ചു വളർത്തുന്ന ഇദ്ദേഹം ജൈവ സമ്പത്ത് സംരക്ഷിച്ചു നിലനിറുത്തുക എന്ന ചരിത്രദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.

അത്യപൂർവ സസ്യങ്ങളുടെ ഈ വലിയ സാമ്രാജ്യം കെട്ടിപ്പടുക്കാൻ അഞ്ചു പതിറ്റാണ്ട് നീണ്ട നിരന്തര യാത്രകളും കഠിനാദ്ധ്വാനവും വേണ്ടി വന്നു നരേന്ദ്രന്. ഇന്ത്യയിൽ ഒരു പക്ഷേ, ഇത്രയധികം ഔഷധസസ്യങ്ങളും അത്യപൂർവ വൃക്ഷങ്ങളും തോളുരുമ്മി നിൽക്കുന്ന മറ്റൊരിടം ഉണ്ടാകില്ല.

”പുൽ കൃഷിയിലാണു തുടക്കം. മൂന്നാറിൽ നിന്നു പുല്ലുവളർത്തലിൽ പരിശീലനം നേടിയശേഷം വിവിധതരം പുല്ലുകൾ വീട്ടുവളപ്പിൽ ശാസ്ത്രീയമായി നട്ടുവളർത്തിയിരുന്നു. സ്വിറ്റ്സർലന്റ് സർക്കാരിന്റെ ‘ഗ്രാസ് കിംഗ് ‘ എന്ന ബഹുമതിയും അക്കാലത്ത് ലഭിക്കുകയുണ്ടായി. തുടർന്ന് പശു വളർത്തലിലേക്കും കശുമാവ് കൂൺ മത്സ്യം കൊക്കോ കൃഷിയിലേക്കുമൊക്കെ തിരിഞ്ഞു. കൈവച്ച മേഖലകളിലെല്ലാം ബഹുമതികളും അംഗീകാരങ്ങളും നേടാനുമായി. പിൽക്കാലത്ത് മരങ്ങളോടായി പ്രേമം. അതോടെ വീട് കാടായി മാറി. ഔഷധ സസ്യങ്ങൾ വളർത്താൻ തുടങ്ങിയപ്പോൾ ആദ്യം നട്ടുവളർത്തിയ അത്യപൂർവ മരങ്ങളിൽ പലതും സ്ഥലപരിമിതി കാരണം വെട്ടിമാറ്റേണ്ടി വന്നു.”

കഴിഞ്ഞ തലമുറയിലെ പേരെടുത്ത വൈദ്യന്മാരായിരുന്ന മാവേലിക്കര കാവുള്ളതിൽ പപ്പുവൈദ്യരുടെയും കായംകുളത്തെ രാഘവൻ വൈദ്യരുടെയും പൊന്തത്തറയിൽ മാധവൻ വൈദ്യരുടെയും പിന്മുറക്കാരനായ നരേന്ദ്രന് പച്ചമരുന്ന് കൂട്ടുകളിൽ താത്പര്യമുണ്ടായതിൽ അദ്ഭുതപ്പെടാനില്ലല്ലോ. അച്ഛൻ ബാങ്കർ കുട്ടി അക്കാലത്ത് സർക്കാരിലേക്ക് കാർഷിക നികുതി കൊടുക്കുന്ന അപൂർവം കർഷക പ്രമാണിമാരിൽ ഒരാളായിരുന്നു. കാർത്തികപ്പള്ളി താലൂക്കിൽ മിച്ചഭൂമിയുണ്ടായിരുന്ന രണ്ടേ രണ്ടുപേരിൽ ഒരാൾ. അച്ഛന്റെ നിഴലായി എള്ളും നെല്ലും തെങ്ങുമൊക്കെ നോക്കി നടന്നതുകൊണ്ട് നരേന്ദ്രന് ചെറുപ്പം മുതൽ കൃഷി ജീവിതത്തിന്റെ ഭാഗമായി.
കേരളത്തിനകത്തും പുറത്തുമുള്ള മലകളിലും കൊടുംകാട്ടിലും എത്രയോ തവണ അലഞ്ഞിട്ടാണ് നരേന്ദ്രൻ വിലമതിക്കാനാകാത്ത ഈ ജൈവസമ്പത്ത് തന്റെ വീട്ടുവളപ്പിലെത്തിച്ചത്. ആദിവാസികളും നാട്ടുവൈദ്യന്മാരും സഹായിക്കാറുണ്ട്. വിദേശത്തുള്ള സുഹൃത്തുക്കളും ബന്ധുക്കളും ഔഷധസസ്യങ്ങളുടെ വിത്തും തൈകളും അയച്ചുകൊടുക്കും. ഫിലിപ്പൈൻസ്, ജാവ, സുമാത്രാ, കൊച്ചിൻ, ചൈന, ടിx ഡി, ഡിx ടി തുടങ്ങി നല്ല കായ്ഫലമുള്ള വിവിധതരം തെങ്ങുകളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. തെങ്ങുകളുടെ ഇടവിളയാണ് ഔഷധസസ്യങ്ങൾ.

”ഇവിടെയുള്ള ഓരോ സസ്യത്തിന്റെ പേരും ശാസ്ത്രീയ നാമവും പ്രത്യേകതകളും ഏതെല്ലാം രോഗങ്ങൾക്ക് ഉപയോഗിക്കാമെന്നതും അതിനോടൊപ്പമുള്ള ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലൂടെ ഇവിടെയെത്തുന്ന സന്ദർശകർക്ക് അതെല്ലാം മനസിലാക്കാൻ എളുപ്പമാണ്.”

ചെടിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പേര്, സസ്യശാസ്ത്രപരമായ പേര്, കുലം, ഉത്ഭവകേന്ദ്രം, വളരുന്ന മേഖലകൾ, പ്രധാന ഉപയോഗങ്ങൾ തുടങ്ങി എല്ലാ വിവരങ്ങളും നരേന്ദ്രന് സ്വന്തം കൈവെള്ളയിലെ രേഖകൾ പോലെ മനഃപാഠമാണ്. രണ്ടായിരത്തോളം ഔഷധസസ്യങ്ങളുടെ ആധികാരിക വിവരങ്ങൾ സംഗ്രഹിച്ച് ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. നമുക്ക് അപരിചിതമായ ചെടികളെ സംബന്ധിച്ചുള്ള എല്ലാ അടിസ്ഥാന വിവരങ്ങളും ഇതിലുണ്ട്. വിദേശികളും സ്വദേശികളുമടങ്ങുന്ന ആയുർവേദ വിദ്യാർത്ഥികളും ഗവേഷകരും ഔഷധ നിർമാതാക്കളും കൃഷിവനം വകുപ്പ് ഉദ്യോഗസ്ഥരുമൊക്കെ ഇദ്ദേഹത്തിന്റെ ഉപദേശം തേടി എത്തുന്നു. കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾക്ക് തൈകൾ നൽകുന്നത് ഇവിടുത്തെ നഴ്സറിയിൽ നിന്നാണ്. വലിയ ഔഷധ നിർമാതാക്കൾ പോലും നരേന്ദ്രനെ ആശ്രയിക്കാറുണ്ട്. കൃഷിവകുപ്പിന്റെ കാർഷിക കയറ്റുമതി മേഖലാ പദ്ധതിയിൽ ഉൾപ്പെട്ട കർഷകനാണ് ഇദ്ദേഹം. കൈവശമില്ലാത്ത ഔഷധ സസ്യങ്ങൾ എവിടെയുണ്ടെങ്കിലും അത് തേടിപ്പിടിച്ച് അദ്ദേഹം തന്റെ തോട്ടത്തിലെത്തിക്കും. ആധുനിക സസ്യ ശാസ്ത്രജ്ഞന്മാർക്കുപോലും അജ്ഞാതമായ പല സസ്യങ്ങളും നരേന്ദ്രന്റെ ശേഖരത്തിലുണ്ട്.

ശ്രീനാരായണഗുരു മരുത്വാമലയിൽ നിന്നു കൊണ്ടുവന്ന് ചെമ്പഴന്തിയിൽ നട്ടുവളർത്തിയെന്നു കരുതപ്പെടുന്ന നാഗവയമ്പിനാണ് ഇവിടുത്തെ വി. ഐ. പി ലിസ്റ്റിൽ ഒന്നാം സ്ഥാനം. ഒട്ടേറെ ഔഷധ ഗുണമുള്ള ഈ ചെടിയുടെ ഇലയിൽ നിന്നാണ് പൂവുണ്ടാകുന്നത്. പൂവിൽ നിന്നു വീണ്ടും ഇലയുണ്ടാകുന്നു. ഭ്രാന്തിനെ പമ്പ കടത്തുന്ന കല്ലുവാഴയും ഭൂതം കൊല്ലിയും പഴകിയ ത്വഗ്രോഗങ്ങൾക്കുപോലും ഫലപ്രദമായ വെട്ടുപാല, പേപ്പട്ടി ചികിത്സയ്ക്കുള്ള അങ്കാലം, പാമ്പു വിഷത്തിനുള്ള ഒറ്റമൂലിയായ അണലി വേഗം, മുറിവുണക്കുന്ന മുറികൂട്ടി, കുഷ്ഠരോഗത്തിനു മറുമരുന്നായ പെരുകുരുമ്പ, പലതരം അകിലുകൾ, ആൺകുട്ടികൾ ഉണ്ടാകുന്നതിന് സ്ത്രീകൾ കഴിക്കുന്ന പുത്രൻ ജീവ, കാൻസർ കോശങ്ങളെ പിഴുതെറിയുന്ന കാട്ടുവേപ്പ്, നേപ്പാളിലും വടക്കു കിഴക്കൻ പ്രദേശങ്ങളിലും അപൂർവമായി മാത്രം കണ്ടുവരുന്ന രുദ്രാക്ഷമരം, ഓരോ നാളുകാർക്കുമുള്ള നക്ഷത്ര വൃക്ഷങ്ങൾ, കുന്തിരിക്കം, ആയുർവേദ ഗ്രന്ഥങ്ങളിലും പുരാണങ്ങളിലും നാം കേട്ടിട്ടുള്ള ശിംശിപാവൃക്ഷവും മരവുരിയും കമണ്ഡലവും… ഈ ഔഷധ വനത്തിലെ അപൂർവ സസ്യങ്ങളുടെ പട്ടിക നീളുകയാണ്. വള്ളിമുള, ലാത്തിമുള, കുടമുള, ആനമുള, ബുദ്ധമുള തുടങ്ങി മുളയുടെ പന്ത്രണ്ട് ഇനങ്ങൾ ഇവിടെ സമൃദ്ധിയോടെ വളരുന്നു. ഇതിനു പുറമെ, ഇരുപത്തി നാലു തരം കറ്റാർ വാഴകൾ. പതിനെട്ടിനം കുറിഞ്ഞി, എട്ടിനം തുളസി, അഞ്ചിനം കൊടുവേലി, മുട്ടം വരിക്ക, കൊച്ചു ചക്ക, കാട്ടുപ്ലാവ് തുടങ്ങി രുചിയിലും ആകൃതിയിലും വ്യത്യസ്തങ്ങളായ എട്ടോളം പ്ലാവിനങ്ങൾ. അതിൽ വള്ളിപോലെ പടർന്നു കയറുന്ന പ്ലാവ് ആരിലും കൗതുകം ജനിപ്പിക്കും. ഭിത്തിയിൽ വളരുന്ന ഔഷധസസ്യങ്ങളും ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനുള്ള സസ്യങ്ങളും, ഇൻഡോർ പ്ലാന്റുകളും ധാരാളമുണ്ട്. ചില പ്രത്യേക അസുഖങ്ങൾക്കുള്ള പച്ചമരുന്നുകൾ നരേന്ദ്രൻ ആവശ്യക്കാർക്ക് നിർദ്ദേശിച്ചുകൊടുക്കാറുമുണ്ട്.

കർഷകരുടെ അവകാശങ്ങളെയും നാടൻ വിത്തിനങ്ങളെയും പാരമ്പര്യ അറിവുകളെയും സംരക്ഷിക്കുന്ന കർഷകൻ എന്ന നിലയ്ക്കുള്ള 2016 ലെ കേന്ദ്ര സർക്കാരിന്റെ പി. പി. വി ആന്റ് എഫ് ആർ അതോറിട്ടി(പ്രൊട്ടക്ഷൻ ഒഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് അതോറിട്ടി) യുടെ അവാർഡ് നരേന്ദ്രനാണു ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം കേന്ദ്ര കൃഷി കർഷക ക്ഷേമ വകുപ്പു മന്ത്രി രാധാ മോഹൻ സിംഗാണ് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തിനു സമ്മാനിച്ചത്. 201415 ലെ കേരള വനം വകുപ്പിന്റെ പ്രകൃതി മിത്ര അവാർഡ്, വൃക്ഷമിത്ര അവാർഡ് (2000), കർഷക രത്നം അവാർഡ്, കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ഹരിതം പുരസ്‌കാരം, ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെ പുരസ്‌കാരം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കൽപ്പകം പുരസ്‌കാരം തുടങ്ങി ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളും ഈ 72 കാരനെ തേടിയെത്തിയിട്ടുണ്ട്. 2002 ൽ വനം വകുപ്പിന്റെ ദക്ഷിണ മേഖലയിലെ ഏറ്റവും മികച്ച ഔഷധത്തോട്ടമായും ഈ തോട്ടം തിരഞ്ഞെടുക്കപ്പെട്ടു.

പച്ചിലയുടെയും കായ് കനികളുടെയും ഔഷധഗന്ധം നിറഞ്ഞു നിൽക്കുന്ന നരേന്ദ്രന്റെ തോട്ടം കാണാൻ ധാരാളം പേർ എത്താറുണ്ട്. സന്ദർശകരെ അദ്ദേഹം നിറപുഞ്ചിരിയോടെ സ്വീകരിക്കും. എത്രനേരം വേണമെങ്കിലും അവർക്കൊപ്പം നടന്ന് എല്ലാം വിശദീകരിച്ചു കൊടുക്കും. കേട്ടും വായിച്ചറിഞ്ഞും മാത്രം പരിചയമുള്ള സസ്യങ്ങളെ അടുത്തു കാണുക വലിയ അനുഭവം തന്നെയാണ്. കാവു പോലെ വളർന്നു പന്തലിച്ചു നിൽക്കുന്ന ഈ വൃക്ഷലതാദികളുമായി സല്ലപിച്ച്, അവയുടെ തണലിലും തണുപ്പിലും അല്പനേരം ചെലവിടുമ്പോൾ ജൈവസമൃദ്ധിയുടെ പഴയ നല്ല നാളുകൾ നാം ഓർത്തുപോകും. കാടും മരങ്ങളും നശിപ്പിക്കപ്പെടുമ്പോൾ നമുക്കു നഷ്ടമാകുന്നത് ഈ തണലും തണുപ്പുമാണ്. പ്രകൃതി കനിഞ്ഞു നൽകിയ ഈ അമൂല്യ സമ്പത്തുകൾ വരും കാലങ്ങളിലേക്ക് കരുതിവയ്ക്കാൻ നരേന്ദ്രന്റെ തോട്ടം പോലെ അപൂർവം ചില പച്ചത്തുരുത്തുകൾ മാത്രമേ ഇനി ശേഷിക്കുന്നുള്ളു എന്ന യാഥാർത്ഥ്യമാണ് നമ്മെ ആശങ്കപ്പെടുത്തുന്നത്.