നിത്യജീവിതത്തില്‍ പഴങ്ങള്‍ക്ക് വൈദ്യന്മാര്‍ എന്നും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്.

ശരീരത്തില്‍ അടിഞ്ഞുകൂടിയ അനാവശ്യ വസ്തുക്കളെ പുറംതള്ളാന്‍ പഴങ്ങള്‍ക്ക് കഴിയുമെന്നാണ് പറയുന്നത്.

ശ്വാസകോശങ്ങള്‍, കരള്‍, കിഡ്‌നി തുടങ്ങിയ അവയവങ്ങള്‍ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് പഴങ്ങള്‍ ഏറെ ഗുണം ചെയ്യുമെന്ന് തെളിയിച്ചിട്ടുണ്ട്. ‘പഴച്ചാര്‍ ചികിത്സ’ എന്ന ജ്യൂസ് തെറാപ്പി ഇന്ന് സര്‍വസാധാരണമായ ഒരു രീതിയാണ്. പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറികള്‍ തുടങ്ങിയവ മാത്രം ഉപയോഗിച്ച് മരുന്നുകള്‍ ഒഴിവാക്കി ചികിത്സ നടത്തുന്ന രീതിയാണിത്.

മടക്കം അനിവാര്യം

പ്രകൃതിയില്‍ സുലഭമായി കിട്ടുന്ന ഫലങ്ങള്‍ നല്‍കി ശരീരത്തെ റീചാര്‍ജ് ചെയ്യുകയാണ് ഈ ചികിത്സയുടെ ഉദ്ദേശ്യം. മരുന്നുകളില്‍ അലോപ്പതി വരുന്നതിനു മുമ്പ് പൂര്‍വികര്‍ പ്രകൃതിയില്‍ നിന്നുതന്നെയായിരുന്നു പ്രതിവിധി കണ്ടെത്തിയിരുന്നത്. ആ കാലത്തേക്കുള്ള മടങ്ങിപ്പോക്ക് എന്ന് ഈ രീതിയെ വിശേഷിപ്പിക്കാം.

ജ്യൂസ് എന്നാല്‍

‘ജ്യൂസ്’ എന്ന വാക്കിന് രസം, സത്ത, ചാറ്, ദ്രവം, നീര് എന്നൊക്കെയാണ് അര്‍ഥം. പഴങ്ങളിലും പച്ചക്കറികളിലുമടങ്ങിയിരിക്കുന്ന നീര് അഥവാ പഴച്ചാറാണ് ‘ജ്യൂസ്’. ഇന്ന് വിപണിയില്‍ ധാരാളം പഴച്ചാറുകള്‍ ലഭ്യമാണ്. ഇവ കേടാവാതിരിക്കാന്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ക്കുന്നു. സൂക്ഷിച്ചുവെക്കുന്നതിന് റഫ്രിജറേറ്ററും ഉപയോഗിക്കുന്നു. തണുത്ത ജ്യൂസ് കഴിക്കാനാണ് ഏതൊരാളും ആഗ്രഹിക്കുന്നത്. വീട്ടില്‍ ഉണ്ടാക്കുന്നതും വിപണിയില്‍ ലഭിക്കുന്നതും തമ്മില്‍ രുചിഭേദങ്ങള്‍ കാണാം. പഴങ്ങള്‍ക്ക് പുറമെ കരിമ്പ്, ഔഷധച്ചെടികള്‍ തുടങ്ങിയവയില്‍ നിന്നും സത്ത് എടുക്കുന്നു.

ഗുണഗണങ്ങള്‍

പ്രകൃതിയില്‍ നിന്ന് നേരിട്ടുള്ള വിതരണമാണ് പഴങ്ങളും പച്ചക്കറിയുമെന്നതിനാല്‍ ചില സവിശേഷ ഗുണങ്ങള്‍ ഉണ്ട്. ശരീര കലകളും ഗ്രന്ഥികളും ഇവ കഴിക്കുന്നതിനാല്‍ പുനരുജ്ജീവനം ചെയ്യപ്പെടുന്നു. കൂടാതെ ആരോഗ്യരക്ഷക്കാവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, മൂലകങ്ങള്‍, പ്രകൃതിദത്തമായ പഞ്ചസാര എന്നിവയും ഇവയില്‍ ധാരാളമുണ്ട്.

പലതരം സത്തുകള്‍

പ്രകൃതിയില്‍ നിന്നുള്ള ചാറുകള്‍ പലതരത്തിലുണ്ട്. പിഴിഞ്ഞും അമര്‍ത്തിയും നീര് വേര്‍തിരിച്ചെടുക്കുന്നതിനോടൊപ്പം വൈദ്യുതിയുടെ സഹായത്തോടെയും സത്ത് എടുക്കുന്നു. ഇങ്ങനെ വേര്‍തിരിച്ചെടുക്കുന്ന നീര് അരിച്ച് നാരുകള്‍ നീക്കം ചെയ്തും അല്ലാതെയും ഉപയോഗിക്കാറുണ്ട്.

പൈനാപ്പിള്‍ തുടങ്ങിയ മധുരമുള്ള പഴങ്ങളില്‍ നിന്നെടുക്കുന്നവയാണ് ജ്യൂസുകളില്‍ പ്രധാനം. കൂടാതെ സബ് ആസിഡ് ഗുണമുള്ള ആപ്പിള്‍, ചെറി, പ്ലം എന്നീ പഴങ്ങളില്‍ നിന്നെടുക്കുന്നവയും. ആസിഡ് സ്വഭാവമുള്ള നാരങ്ങ, ചെറുനാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയവയില്‍ നിന്നും വെള്ളരി, പാവക്ക, കക്കിരി തുടങ്ങിയ പച്ചക്കറികളില്‍ നിന്നും സത്തെടുക്കുന്നു.
പച്ചിലച്ചെടികളില്‍ നിന്നും ഇലവര്‍ഗങ്ങളില്‍ നിന്നും കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ കിഴങ്ങുകളില്‍ നിന്നും സത്ത് ശേഖരിക്കാറുണ്ട്.

പഴസത്തു ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിവിധ അസുഖങ്ങള്‍ക്ക് അനുയോജ്യമായ പഴങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. ഈ സത്തുകള്‍ ഓരോ മണിക്കൂര്‍ കൂടുമ്പോഴാണ് കുടിക്കേണ്ടത്. കുടിക്കുന്നതിനുമുമ്പ് ഒരു ഗ്ലാസ് നാരങ്ങാ വെള്ളത്തില്‍ 20-30 ഗ്രാം ശുദ്ധമായ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുകയും വേണം. ആദ്യ ദിവസം ഓരോ തവണയും 250 മില്ലി ജ്യൂസ് കഴിക്കാം. മൂന്ന് മണിക്കൂര്‍ ഇടവിട്ട് അഞ്ചോ ആറോ തവണ കുടിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് വരുന്ന ഓരോ ദിവസവും 50 മില്ലി വീതം വര്‍ധിപ്പിക്കാം. ഇങ്ങനെ ഒരു പ്രാവശ്യം 600 മില്ലി വരെയാക്കുന്ന രീതിയാക്കണം. ഈ ദിനങ്ങളിലെല്ലാം രോഗി ആവശ്യത്തിനു വിശ്രമിക്കുകയും വേണം. ഒരു മാസം ഇങ്ങനെ പാനീയം-പഴച്ചാര്‍ ചികിത്സ മൂലം രോഗിക്ക് ആരോഗ്യത്തിനു ഭീഷണി വരുമോ എന്ന ശങ്കയൊന്നും വേണ്ട. സ്വാഭാവികമായ ആരോഗ്യവും ഓജസ്സും രോഗിക്ക് നഷ്ടപ്പെടുകയില്ല.

മരുന്നു വേണ്ട

ഇങ്ങനെ പഴസത്ത് ശരീരത്തില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു മൂലം ശരീരത്തില്‍ നിന്നും വിഷവസ്തുക്കളും അനാവശ്യമായ കൊഴുപ്പും പതുക്കെ നീക്കം ചെയ്യപ്പെടുന്നു. സ്വാഭാവികമായും ചില അസ്വസ്ഥതകള്‍ രോഗിക്ക് അനുഭവപ്പെടാം. വയറുവേദന, തലവേദന, ഡയേറിയ, ഭാരക്കുറവ്, പനി, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവ ഉദാഹരണം. ഇവ അകറ്റാന്‍ ഏതെങ്കിലും തരത്തിലുള്ള മരുന്ന് കുടിക്കുന്നത് ഒഴിവാക്കണം. പഴച്ചാര്‍ ചികിത്സയുടെ പൂര്‍ണതക്ക് ഇത് ആവശ്യമത്രെ.

ഗുണനിലവാരമുള്ളവ മാത്രം

പഴച്ചാറു ചികിത്സ ആരംഭിക്കുന്നതിനു മുമ്പ് ചില കാര്യങ്ങളില്‍ ശ്രദ്ധവെക്കേണ്ടതുണ്ട്. ഏറ്റവും പുതിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനു തൊട്ടുമുമ്പ് ഉണ്ടാക്കുകയാണ് വേണ്ടത്. ടിന്നിലടച്ചതും പാക്കറ്റിലുള്ളതും കഴിവതും ഉപയോഗിക്കാതിരിക്കണം. ഒരു ദിവസത്തേക്ക് മുഴുവന്‍ ഉണ്ടാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിക്കരുത്. അത് വിപരീത ഫലം ചെയ്യാന്‍ സാധ്യതയുണ്ട്. മാങ്ങ, പൈനാപ്പിള്‍, മുന്തിരി തുടങ്ങിയ കൂടുതല്‍ മധുരമുള്ള പഴസത്തുക്കള്‍ ശുദ്ധജലമുപയോഗിച്ച് നേര്‍പ്പിച്ച ശേഷമേ കുടിക്കാവൂ.
|

വിവിധ അസുഖങ്ങള്‍ക്ക് പറ്റിയ പഴങ്ങളും പച്ചക്കറികളും

പ്രമേഹം: പപ്പായ, മുന്തിരി, പൈനാപ്പിള്‍, നാരക വര്‍ഗം, കാരറ്റ്, ചീര

ഹൃദ്രോഗം: ചുവന്ന മുന്തിരി, നാരങ്ങ, വെള്ളരി, കാരറ്റ്, ചീര

രക്തസമ്മര്‍ദ്ദം: മുന്തിരി, ഓറഞ്ച്, വെള്ളരി, കാരറ്റ്, ചീര

അമിതവണ്ണം: മുന്തിരി, നാരങ്ങ, ഓറഞ്ച്, ചെറി, പൈനാപ്പിള്‍, പപ്പായ, തക്കാളി

അള്‍സര്‍: മുന്തിരി, കാരറ്റ്, ആപ്രിക്കോട്ട്

മഞ്ഞപ്പിത്തം: നാരങ്ങ, മുന്തിരി, കാരറ്റ്, വെള്ളരി, ചീര

കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍: ആപ്പിള്‍, ഓറഞ്ച്, നാരങ്ങ, വെള്ളരി, കാരറ്റ്, ചീര

വാതം: മുന്തിരി, ഓറഞ്ച്, തക്കാളി, നാരങ്ങ, വെള്ളരി, കാരറ്റ്, ചീര

സന്ധിവീക്കം: പൈനാപ്പിള്‍, മുന്തിരി, പുളിപ്പുള്ള ചെറിയും ആപ്പിളും, വെള്ളരി, കാരറ്റ്, ചീര

അസിഡിറ്റി: മുന്തിരി, മുസമ്പി, കാരറ്റ്, ചീര

ബ്രോങ്കൈറ്റിസ്: മുന്തിരി, നാരങ്ങ, ആപ്രിക്കോട്ട്, ഉരുളക്കിഴങ്ങ്, ഉള്ളി, ചീര

അലര്‍ജി: മുന്തിരി, ആപ്രിക്കോട്ട്, കാരറ്റ്, ചീര

വിളര്‍ച്ച: സ്‌ട്രോബറി, ചുവന്ന മുന്തിരി, കാരറ്റ്, ചീര

ആസ്ത്മ: മുന്തിരി, ആപ്രിക്കോട്ട്, കാരറ്റ്, പൈനാപ്പിള്‍

ജലദോഷം: മുന്തിരി, നാരങ്ങ, പൈനാപ്പിള്‍, ഓറഞ്ച്, കാരറ്റ്, ഉള്ളി, ചീര

കണ്ണ് തകരാറ്: ആപ്രിക്കോട്ട്, കാരറ്റ്, ചീര

തലവേദന: മുന്തിരി, നാരങ്ങ, കാരറ്റ്

അറിവ് പകരുന്നത് നന്മയാണ് അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്. തെറ്റുകൾ വന്നേക്കാം ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക(കടപ്പാട്)🙏🏻.

കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക