പ്രകൃതി ജീവനം

ആമുഖം
പ്രകൃതി ജീവനശാസ്ത്രം ഒരു സാങ്കേതിക ശാസ്ത്രമോ ഏതെങ്കിലും വിദഗ്ധന് മാത്രം കൈകാര്യം ചെയ്യാവുന്ന ശാസ്ത്രമോ അല്ല. സ്വതന്ത്രമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന ഏത് സാധാരണക്കാരനും ഉപയുക്തമാക്കുവാന്‍ പറ്റുന്ന ഒരു ശാസ്ത്രമാണത്. പ്രകൃതിയെ മനസ്സിലാക്കി പ്രകൃതിയിലെ വിഭവങ്ങളെ മനുഷ്യന്റെ ആവശ്യങ്ങള്‍ക്കുവേണ്ടി വിവേകപൂര്‍വ്വം ഉപയോഗപ്പെടുത്തുന്ന ജീവിതരീതിയാണിതെന്നു പറയാം. പ്രകൃതിയിലെ ഭക്ഷ്യയോഗ്യമായ വസ്തുക്കള്‍ കൂടാതെ ആകാശം, വായു,സൂര്യപ്രകാശം, ജലം എന്നിവയുടെ പരിശുദ്ധ അംശങ്ങള്‍ വേണ്ട സമയത്ത് വേണ്ട അളവില്‍ ശരീരത്തിനു സ്വീകരിക്കാന്‍ കഴിയണം. ശരീരം സ്വീകരിക്കുന്നതെല്ലാം ആഹാരമാണെന്നും, ആഹാരം തന്നെയാണ് ഔഷധമെന്നും തിരിച്ചറിവണ്ടാകണം. ഹിംസാത്മക പ്രവര്‍ ത്തനങ്ങളൊഴിവാക്കി ജീവശക്തിയുടെ അമിത വിനിയോഗം തടയണം. ഇങ്ങനെ ലളിതവും, സന്തോഷപൂര്‍ണ്ണവുമായ ഒരു ജീവിതത്തിലൂടെ മനുഷ്യന്റെ പൂര്‍ണ്ണാവസ്ഥയെ അനുഭവിച്ചറിയുവാനാണ് പ്രകൃതി ജീവനശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്.
പ്രകൃതിയിലേക്കു നോക്കു – സ്വന്തം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ അറിയൂ, ഹൃദയത്തിന്റെ സ്പന്ദനം പോലെ ഒരു പ്രത്യേകതാളത്തലല്ല എല്ലാം ചലിക്കുന്നതും പ്രവര്‍ത്തിക്കുന്നതും.
മനുഷ്യന്റെ ശരിയായ ഭക്ഷണം എന്താണ്? അത് എങ്ങിനെ കഴിക്കണം? എപ്പോഴെല്ലാം കഴിക്കണം?എന്ന അറിവാണ് പ്രകൃതി ജീവനത്തിന്റെ കാതലായ ഭാഗം.മനുഷ്യ ന്റെ ശരീരഘടനയനുസരിച്ച് പ്രകൃതി വിധിച്ചിട്ടുളള ഭക്ഷണങ്ങളാണ് പച്ചക്കറികളും, ഫലങ്ങളും, അണ്ടിപരിപ്പുകളും. പച്ചക്കറികളില്‍ പച്ചയായി കഴിക്കാവുന്നവയ്ക്കും, ഇലവര്‍ഗ്ഗങ്ങള്‍ക്കും കൂടുതല്‍ പ്രാധാന്യമുണ്ട്. അന്നജം കുറഞ്ഞ കിഴങ്ങു വര്‍ഗ്ഗങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫലങ്ങളില്‍ എല്ലാ പഴവര്‍ഗ്ഗങ്ങളും ഉള്‍പ്പെടും ; പുളിയുളള ഫലങ്ങള്‍ക്കാണ് ശരീരത്തിനു കൂടുതല്‍ ക്ഷാരാംശം നല്‍കാന്‍ കഴിയുന്നത്. അണ്ടി വര്‍ഗ്ഗങ്ങളില്‍ ഒരു പൂര്‍ണ്ണാഹാരമായി നാളികേരവും ഉള്‍പ്പെടും.
ഈ പറഞ്ഞ അവശ്യഭക്ഷണങ്ങളുടെ കുറവുളളപ്പോള്‍ ആവശ്യത്തിനു കഴിക്കാവുന്ന ഭക്ഷണങ്ങളായാണ് ധാന്യങ്ങള്‍, കിഴങ്ങുകള്‍, പയറുവര്‍ഗ്ഗങ്ങള്‍, പാല്‍ എന്നിവയെ കണക്കാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇവയുടെ ഉപയോഗത്തിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട് . ധാന്യങ്ങള്‍-തവിടു കളയാതെ ഉപയോഗിക്കണം, മുളപ്പിച്ചു കഴിക്കുന്നത് കൂടുതല്‍ നന്ന്. കിഴങ്ങുകള്‍ തൊണ്ടു കളയാതെ ഉപയോഗിക്കാവുന്നത് അങ്ങനെ തന്നെ ഉപയോഗിക്കണം.ധാന്യത്തോടൊപ്പം അമിതമായി കഴിക്കുന്നത് നന്നല്ല. പയര്‍-പച്ചയായി തൊണ്ടു കളയാത്തത് ഉത്തമം, അല്ലെങ്കില്‍ പരിപ്പാക്കാതെ മുളപ്പിച്ച് ഉപയോഗിക്കാം . പാല്‍-കറന്ന ഉടനെ പഞ്ചസാര ഇടാതെ തിളപ്പിക്കാതെ കഴിക്കുന്നതാണുത്തമം.
ഇവയല്ലാതെ ഇന്നു മനുഷ്യന്‍ കഴിക്കുന്ന വസ്തുക്കളിലേറിയ ഭാഗവും മനുഷ്യശരീരത്തിനു ദോഷം വരുത്തുന്ന അനാവശ്യവസ്തുക്കളാണ്. പഞ്ചസാര,മൈദ, വനസ്പതി എണ്ണകള്‍, മാംസം, മത്സ്യം, മുട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി സാധനങ്ങള്‍,ടിന്‍ഫുഡ്സുകള്‍, അച്ചാറുകള്‍, മസാലകള്‍, പഴകിയ ഭക്ഷണങ്ങള്‍, ചോക്കലേറ്റുകള്‍, മിഠായികള്‍, ഐസ്ക്രീമുകള്‍, ശീതളപാനീയങ്ങള്‍, ചായ, കാപ്പി, ലഹരി പാനീയങ്ങള്‍ ഉത്തേജക വസ്തുക്കള്‍ ടോണിക്കുകള്‍ തുടങ്ങി എല്ലാ കൃത്രിമഭക്ഷ്യ പദാര്‍ത്ഥങ്ങളും ഇവയില്‍പ്പെടും.
ശരീരത്തിന്റെ അകത്തെ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രത്യേക താളത്തില്‍ നടക്കുമ്പോള്‍ അതിനനുയോജ്യമായ ഒരു നിഷ്ഠയും താളവും നാം ചെയ്യുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും (ഭക്ഷണം, ശ്വാസോച്ഛോസം, വിശ്രമം, വിസര്‍ജ്ജനം) ഉണ്ടാവേണ്ടതല്ലേ. ഈ താളക്രമംവും നിഷ്ഠയും തന്നെയല്ലെ മനുഷ്യന്റെ ആരോഗ്യത്തിന്റെ രഹസ്യവും.
കൂടാതെ ഭക്ഷണം എപ്പോള്‍ എങ്ങിനെ കഴിക്കണം എന്നതിനോടൊപ്പം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ കൂടെയുണ്ട്.
- വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക
- ഭക്ഷണം നന്നായി ചവച്ചരച്ചു കഴിക്കണം.
- മൂന്നു നേരത്തില്‍ കൂടുതല്‍ ഭക്ഷണം ആവശ്യമില്ല. അതിലൊരു നേരത്തേത് പഴവര്‍ഗ്ഗങ്ങള്‍ മാത്രമായിരിക്കണം.
- ശരീരത്തിനു ക്ഷീണമോ അസുഖമോ തോന്നുമ്പോഴും ക്ഷോഭിച്ചിരിക്കുമ്പോഴും ഭക്ഷണം ഒഴിവാക്കണം.
- കുടുംബത്തിലെ എല്ലാവരും ഒരുമിച്ചിരുന്ന് സന്തോഷത്തോടെ വേണം ഭക്ഷണം കഴിക്കാന്‍
- ഭക്ഷണം ഒരിക്കലും അമിതമാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
- ദാഹിക്കുമ്പോള്‍ വെളളം കുടിക്കാനും ഭക്ഷണത്തോടൊപ്പം വെളളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കണം.
- അലൂമിനിയപാത്രങ്ങള്‍ ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും ഉപയോഗിക്കരുത്.
- ഭക്ഷണം പാകം ചെയ്യുന്നതിന് ഉപ്പ്, പുളി, മുളക്, എണ്ണ, മസാലകള്‍ എന്നിവയുടെ ഉപയോഗം ആവുന്നത്ര കുറയ്ക്കണം.
- പാകം ചെയ്ത ഭക്ഷണം 3 മണിക്കൂറിനുളളില്‍ കഴിച്ചിരിക്കണം.
- രാത്രി 8 മണിക്ക് മുന്‍പ് ഭക്ഷണം കഴിച്ചിരിക്കണം.
- പഴങ്ങളോടൊപ്പം അണ്ടി വര്‍ഗ്ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമല്ലാതെ മറ്റൊന്നും കഴിക്കാന്‍ പാടില്ല.
- മധുരത്തിന് ചക്കര, കരിപ്പട്ടി, ശര്‍ക്കര, തേന്‍ എന്നിവയും – എരിവിന് ഇഞ്ചി, കുരു കളഞ്ഞ പച്ചമുളക് എന്നിവയും – പുളിക്ക് – മോര്, ചെറുനാരങ്ങ, മാങ്ങ, തക്കാളി എന്നിവയും മാത്രം ഉപയോഗിക്കുക.
ദിവസവും കുറച്ചു സമയം ഇളംവെയില്‍ കൊളളുന്നതും ശുദ്ധവായു ശ്വസിക്കുന്നതും രണ്ടു നേരം തണുത്ത വെളളത്തില്‍ കുളിക്കുന്നതും മാസത്തില്‍ ഒന്നോ രണ്ടോ ദിവസം കരിക്കിന്‍ വെളളവും പഴച്ചാറുകളും മാത്രം കഴിച്ച് ഉപവാസം അനുഷ്ഠിക്കുന്നതും ദേഹാദ്ധ്വാനം ഇല്ലാത്തവര്‍ ലളിതമായ വ്യായാമം ശീലിക്കുന്നതും ആരോഗ്യം വീണ്ടെടുക്കുന്നതിന് കൂടുതല്‍ സഹായകമാണ്.