നമുക്ക് ആരോഗ്യം പ്രദാനം ചെയ്യുന്നതിൽ ഔഷദസസ്യകൾക്കുള്ള സ്ഥാനം വർണനാതീതമാണ്. പഴയ തലമുറയ്ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന എല്ലാ തരത്തിലുള്ള സസ്യങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവ് അവരിൽ ഉണ്ടായിരുന്നു. എന്നാൽ കാലം മാറിയതോടെ പുത്തൻ തലമുറ ‘ഔഷധസസ്യങ്ങളുടെ ഉപയോഗം’ എന്ന ശീലം പാടെ കൈവിട്ടു. ഇന്ന് ഇത്തരം സസ്യങ്ങൾ അവഹേളനത്തിന്റെ ചവിട്ടുകൊട്ടയിലാണ്. നമ്മുടെ തൊടിയിലും പറമ്പിലും വീട്ടുമുറ്റത്തുമെല്ലാം ഔഷധഗുണങ്ങളാൽ സമ്പന്നമായ ഒത്തിരി സസ്യങ്ങൾ നമ്മൾ ആരും ശ്രദ്ധിക്കാതെ തഴച്ചു വളരുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ഔഷധസസ്യം ആണ് മുത്തിൾ അഥവാ കൊടങ്ങൽ. കുടങ്ങൽ, കൊടവൻ, കരിമുത്തിൾ, സ്ഥലബ്രഹ്മി, കരിന്തക്കാളി, കരബ്രഹ്മി അങ്ങനെ പല ദേശനാമങ്ങളിൽ കേരളത്തിലെമ്പാടും ഈ സസ്യം കാണപ്പെടുന്നു.ഇതിന്റെ ശാസ്ത്രീയ നാമം “സെന്റെല്ല ഏഷ്യാറ്റിക്ക” എന്നാണ് മണ്ഡൂകപർണി എന്നും, സരസ്വതിയെന്നും സംസ്‌കൃതത്തിൽ ഇത് അറിയപ്പെടുന്നു. ആയുർവേദത്തിന്റെ പ്രമാണഗ്രന്ഥങ്ങളിൽ എല്ലാം ഇതിന്റെ മാഹാത്മ്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഓർമശക്തി വർധിപ്പിക്കുവാൻ ബ്രഹ്മിയോളം തന്നെ കഴിവുണ്ട് ഇവയ്ക്ക്. കൊടങ്ങൽ പ്രധാനമായും മൂന്ന് തരമാണ് നീല കൊടങ്ങൽ, താമര കൊടങ്ങൽ, സാധാരണ കൊടങ്ങൽ അങ്ങനെ മൂന്ന് തരം. ഇതിൽ നീല കൊടുങ്ങലിനു മറ്റുളവയെക്കാൾ ഔഷധഗുണം കൂടുതലാണ്. കാഴ്ച്ചയിൽ എല്ലാം ഒരു പോലെ തന്നെ. സാധാരണ ഇതിന്റെ ആകൃതി താരതമ്യപ്പെടുത്തുന്നത് വൃക്കയുടെയോ തലച്ചോറിന്റെയോ പോലെയാണ്. ലോകത്തെമ്പാടും ഈ സസ്യത്തെ കാണാവുന്നതാണ്. നിലംപറ്റി പടർന്നു വരുന്ന സസ്യമാണിത്. പച്ചക്കറിയായി ഉപയോഗിക്കാവുന്ന അപൂർവം ഔഷധസസ്യങ്ങളിൽ ഒന്നാണ് ഇത്. ഇതിന്റെ ഇല ഉപയോഗപ്പെടുത്തി ഉണ്ടാക്കുന്ന. ബ്രെയിൻ ടോണിക്കായ “മണ്ഡൂകപർണിക്ക്” ഇന്ന് കേരളത്തിൽ ഉപയോക്‌താക്കൾ ഏറെയാണ്.