സൊളാനം ബെറ്റാസിയ
മരത്തക്കാളി
ഊട്ടി
കൊടൈക്കനാൽ
ഇടുക്കി കാന്തല്ലൂർ
കൃഷി ചെയ്യുന്നു.
ഹൈറേഞ്ചുകളിൽ ആണ് ഏറെ കാണപ്പെടുന്നത്

നമ്മുടെ പച്ചക്കറി വിളകളിൽ, വിലയുടെ കാര്യത്തിൽ ഏറ്റവും വലിയ ഏറ്റക്കുറച്ചിലിന് (price elasticity ) വിധേയമാകുന്ന ഒന്നാണ് തക്കാളി. ഈയടുത്ത കാലത്ത് അതിന്റെ ഭീകരമായ ഒരു അനുഭവം നമുക്കുണ്ടായല്ലോ?
തക്കാളി പഴമാണോ പച്ചക്കറിയാണോ എന്നതിനെ കുറിച്ച് പണ്ട് അമേരിക്കയിൽ തർക്കമുണ്ടായി.1893ൽ നിക്സ് കുടുംബം ഇറക്കുമതി ചെയ്ത തക്കാളിയ്ക്ക് New York തുറമുഖത്തിലെ നികുതി പിരിവ്കാരനായ എഡ്‌വാർഡ് ഹെഡ്ഡൻ നികുതി പിരിച്ചെതിനെതിരെ അവർ അമേരിക്കൻ സുപ്രീം കോർട്ടിൽ കേസ് കൊടുത്തു. തക്കാളി ഒരു പഴമായതിനാൽ നികുതി ഒഴിവാക്കണം എന്നതായിരുന്നു നിക്സ് കുടുംബത്തിന്റെ വാദം. അക്കാലത്തു ഇറക്കുമതി ചെയ്യുന്ന പഴങ്ങൾക്ക് നികുതി ഇല്ലായിരുന്നു. (Tariff of 1883).കോടതി രണ്ട് പേരുടെയും വാദങ്ങൾ കേട്ടതിനു ശേഷം തക്കാളി പച്ചക്കറി തന്നെ എന്ന് വിധിച്ച. നികുതി വെട്ടിക്കാനുള്ള നിക്സ് കുടുംബത്തിന്റെ ശ്രമം തടഞ്ഞു.
ഒരു മരം നമുക്ക് അഞ്ചാറ് കൊല്ലം തക്കാളി തന്നാൽ എങ്ങനെ ഇരിക്കും?
അതാണ് മരത്തക്കാളി.
ഹൈറേഞ്ച് കാരുടെ പ്രിയൻ. Cyphomandra beaceum എന്ന് ശാസ്ത്രീയ നാമം. ഇംഗ്ലീഷിൽ Tamarillo എന്ന് വിളിക്കും. നന്നായി പരിചരിച്ചാൽ ഒരു മരത്തിൽ നിന്നും ഒരു കൊല്ലം 30കിലോ വരെ തക്കാളി കിട്ടും.
സമുദ്രനിരപ്പിൽ നിന്നും 365മീറ്റർ മുതൽ 2200മീറ്റർ വരെ ഉയരത്തിൽ ഉള്ള ഇടങ്ങളിൽ നന്നായി വളരുന്നു മരത്തക്കാളി. നല്ല നീർവാർച്ചയുള്ള ഇളക്കമുള്ള ജൈവംശമുള്ള മണ്ണിൽ ഇത് നന്നായി വളരും.10ഡിഗ്രി മുതൽ 15ഡിഗ്രി വരെയുള്ള താപനിലയും വളർച്ചയ്ക്ക് അനുയോജ്യമാണ്. കുരു മുളപ്പിച്ചും വേര് പിടിപ്പിച്ച കമ്പുകളും നടീലിനായി ഉപയോഗിക്കാം. തൈകൾ നട്ട് നന്നായി പരിപാലിച്ചാൽ എട്ടു മാസമാകുമ്പോഴേക്കും കായ്കൾ പിടിക്കാൻ തുടങ്ങും..
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ പെറു, ബൊളീവിയ,ചിലി, ഇക്വഡോർ എന്നിവിടങ്ങളിലും ന്യൂസീലൻഡിലും വാണിജ്യടിസ്ഥാനത്തിൽ മരത്തക്കാളി കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഊട്ടി, കൊടൈക്കനാൽ, നാഗാലാൻഡ്, ആസാം, കേരളത്തിലെ കാന്തല്ലൂർ, വട്ടവട എന്നിവിടങ്ങളിൽ ഇത് നന്നായി വളരുന്നു.
തക്കാളി ഉപയോഗിക്കുന്നത് പോലെയുള്ള എല്ലാ ആവശ്യങ്ങളും അതിനപ്പുറവും നിറവേറ്റാൻ ഇതിന് കഴിയും. കറികളിൽ തക്കാളിയ്ക്ക് പകരം ഉപയോഗിക്കാം. ഇതിന്റെ കാമ്പിൽ പാലും അല്പം പഞ്ചസാരയും ഉപയോഗിച്ച് ജ്യൂസ് അടിച്ചു തണുപ്പിച്ചതിനോട് കിടപിടിക്കാൻ ഷാർജ ജ്യൂസിനും കഴിയില്ല .. ജാം ഉണ്ടാക്കാൻ സൂപ്പർ. മുളക് ചേർത്ത് ചട്ണി ഉണ്ടാക്കാനും കൊള്ളാം. തൊലിയ്ക്ക് അല്പം കയ്പ് ഉണ്ട്. പക്ഷേ തൊലി അടക്കം കഴിക്കുമ്പോഴാണ് കൂടുതൽ ആരോഗ്യകരം. തിളച്ച വെള്ളം അല്പം കായുടെ പുറത്ത് ഒഴിച്ച് മൂന്ന് നാല് മിനിറ്റ് കഴിഞ്ഞ് വളരെ എളുപ്പത്തിൽ തൊലി ഇളക്കി മാറ്റാം.
ഇനി എങ്ങനെ ഒക്കെ ആണ് ഇവൻ നമ്മുടെ സാധാരണ തക്കാളിയെ തോൽപ്പിക്കുന്നത് എന്ന് നോക്കാം.
മരത്തക്കാളി ജ്യൂസ് ഒരു നല്ല വിഷഹാരി (detoxifier )ആണ്. മൂത്രം വേഗത്തിൽ പുറത്ത് കളയാൻ പ്രോത്സാഹിപ്പിക്കുന്നതിനാൽ ശരീരത്തിലെ വിഷാംശം, പ്രത്യേകിച്ചും യൂറിക് അസിഡിനെ പുറം തള്ളാൻ സഹായിക്കുന്നു.
തൊലിയിൽ വലിയ അളവിൽ പെക്റ്റിനും നാരുകളും ഉള്ളതിനാൽ സുഖഭേദി സമ്മാനിക്കുന്നു.
ക്ളോറോജെനിക് ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ബ്ലഡ് ഷുഗർ കുറയ്ക്കുന്നു.
പൊട്ടാസ്യത്തിന്റെ ധാരാളിത്തം ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നു
ഉയർന്ന അളവിൽ ഉള്ള മഗ്‌നീഷ്യം ഹൃദയ ധമനികളെ കാക്കുന്നു.
നാരുകളുടെ നിറകലാപം ചീത്ത കൊളസ്ട്രോളിനെ മെരുക്കുന്നു.
കൂടിയ അളവിൽ വിറ്റാമിൻ സി യും ഫോളേറ്റും ഉള്ളതിനാൽ രോഗ പ്രതിരോധ ശേഷി കൂട്ടുന്നു.
വിറ്റാമിൻ A യുടെ സമ്പാദ്യത്താൽ അനീമിയ തടയുന്നു.
ചെമ്പിന്റെ സാന്നിധ്യം അലര്ജികളിൽ നിന്നും രക്ഷിക്കുന്നു.(Anti inflammatory ).
കാലറി മൂല്യം കുറഞ്ഞ പഴമാകയാൽ പൊണ്ണത്തടി കുറയ്ക്കുന്നു.
അങ്ങനെ പോകുന്നു ഈ വാഴ്ത്തപ്പെട്ടവന്റെ ഗുണമാഹാത്മ്യങ്ങൾ.
ഓരോ പ്രദേശത്തും ഓരോ കാലങ്ങളിൽ വിളയുന്ന, ഋതുക്കൾക്കനുസരിച്ചുള്ള ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് പ്രകൃതിയോടിണങ്ങി ജീവിക്കുക എന്നതിന്റെ അർഥം. അസമയത്തും അമിതമായും ദൂരെ നിന്നും ദിവസങ്ങൾ സഞ്ചരിച്ചു എത്തുന്നതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതിലാണ് ദീർഘായുസ്സിന്റെ താക്കോൽ.ഹൈ റേഞ്ചുകളിൽ ഇത്തരത്തിൽ ഔഷധ ഗുണങ്ങൾ ഉള്ള ധാരാളം പഴങ്ങളും പച്ചക്കറികളും ഉണ്ട്.
വാൽകഷ്ണം :നമ്മുടെ ഹൈറേഞ്ചിലെ കർഷകർക്ക് വളരെ എളുപ്പത്തിൽ, ജൈവ രീതിയിൽ, വലിയ രോഗകീടബാധകൾ ഇല്ലാതെ വളർത്താവുന്ന ഒരു വിളയാണ് മരത്തക്കാളി. അത് പ്രയോജനപ്പെടുത്താൻ അവർ ശ്രമിക്കണം.
മഞ്ഞയും ചുവപ്പും മെറൂണും പർപ്പിളും നിറത്തിൽ വൈവിധ്യമുള്ള നിറങ്ങളിൽ മരത്തക്കാളി ലഭ്യമാണ്. ഇതിന്റെ മുന്തിയ ഇനങ്ങൾ ഉരുത്തിരിച്ചെടുക്കണം. ഇക്കാര്യത്തിൽ മാതൃകയാക്കാവുന്നത് നാഗാലാൻറ്റിനെ ആണ്. അവർ അവിടുത്തെ ‘നാഗാ ട്രീ ടോമാറ്റോയ്ക്കു ഭൗമസൂചികാ പദവിയും നേടിയെടുത്തിരിക്കുന്നു.
അമ്പലവയലിനു പുറമേ നെല്ലിയാമ്പതിയിലും കാന്തള്ളൂരിലും ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങാൻ കാർഷിക സർവകലാശാല വൈകരുത് എന്നാണ് എന്റെ ഒരിത്….